
സംവിധായകൻ ടി.ജെ.ഹർഷവർധൻ നൽകിയ പീഡന പരാതിയിൽ ഭാര്യയായ നടിക്കെതിരെ കേസ്. കന്നഡ നടി ശശികലയ്ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശശികല തന്നെ ശാരീരികമായി ആക്രമിക്കുണ്ടെന്നും സ്വകാര്യ സന്ദേശങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നുമാണ് ടി.ജെ.ഹർഷവർധന്റെ പരാതി. കേസിൽ കുരുക്കുമെന്നും ഇവർ ഭീഷണി മുഴക്കുന്നു എന്നാണ് സംവിധായകന്റെ പരാതി.
2021ൽ സിനിമ ചിത്രീകരണത്തിനിടെയാണ് 37 വയസ്സുകാരനായ ഹർഷവർധനും 52 വയസ്സുകാരിയായ ശശികലയും തമ്മിൽ പരിചയപ്പെടുന്നത്. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാൻ ഇടയാക്കി. എന്നാൽ ശശികലയുടെ വിവാഹ വാഗ്ദാനം ഹർഷവർധൻ നിരസിച്ചു. പിന്നാലെ ശശികല നൽകിയ പീഡന പരാതിയിൽ ഹർഷവർധനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീർപ്പെന്ന നിലയിലാണ് 2022 മാർച്ചിൽ ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹത്തിനു ശേഷവും ശശികല ഭീഷണിപ്പെടുത്തുന്നു എന്നാണ് ഹർഷവർധന്റെ പരാതി.











